മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പാമ്പ് കടിച്ചതിനെ തുടര്‍ന്ന് 22കാരന്‍ മരിച്ച സംഭവത്തില്‍ മൃതദേഹം ഗംഗാനദിയില്‍ മുക്കി കുടുംബം. ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് മേഖലയില്‍ രണ്ട് ദിവസത്തിലധികമാണ് യുവാവിന്റെ മൃതദേഹം ഗംഗയില്‍ മുക്കിയത്. ജയറാം കുഡേന സ്വദേശിയായ മോഹിത് കുമാര്‍ ആണ് പാമ്പുകടിയേറ്റ് മരിച്ചത്.
അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയപ്പോഴാണ് യുവാവിന് പാമ്പുകടിയേറ്റത്. നാട്ടുകാര്‍ ഇയാളുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആദ്യം അവരുടെ പ്രദേശത്ത് താമസിക്കുന്ന രണ്ട് പാമ്പാട്ടികളുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് യുവാവിനെ ബുലന്ദ്ഷഹറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മോഹിത് കുമാര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അന്ന് രാത്രി തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും മൃതദേഹം ഗംഗയില്‍ മുക്കുകയായിരുന്നുവെന്ന് അയല്‍വാസി പറയുന്നു. ഗംഗയില്‍ മുക്കിയാല്‍, ശരീരത്തില്‍ നിന്ന് വിഷം പുറത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഗംഗയില്‍ മുക്കിയതെന്നും അയല്‍വാസി പറയുന്നു.