CMDRF

ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി

ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി
ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി

ഡല്‍ഹി: ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി. പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമെന്ന് കോടതി. ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുരകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയും, ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം. ചൈനീസ് അനുകൂല പ്രചാരണത്തിന് അമേരിക്കന്‍ വ്യവസായി നെവില്‍റോയ് സിംഘാം 38 കോടിയോളം രൂപ ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ദില്ലി പോലീസിന്റെ തന്നെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സിബിഐ എന്നീ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ഇഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്കിന്റെ കടുത്ത നിലപാട് ചൈനീസ് അജണ്ടയുടെ ഭാഗമായിരുന്നോയെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ന്യൂസ്‌ക്ലിക്കിലേക്കെത്തിയ ഫണ്ടില്‍ നിന്ന് ടീസ്ത സെതല്‍വാദ്, സിപിഎം ഐടി സെല്ലിലെ ബപാദിത്യ സിന്‍ഹ തുടങ്ങിയവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇഡി കണ്ടെത്തിയിരുന്നു.

റിമാന്‍ഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നല്‍കിയില്ലെന്ന കാര്യം വ്യക്തമാക്കിയാണ് കോടതി നടപടി. വീണ്ടും അറസ്റ്റ് എന്ന കാര്യത്തില്‍ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.

Top