CMDRF

കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി
കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

വ്യാപാരം ആരംഭിച്ചയുടനെ 1,650 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്സ് 78,580 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 510 പോയന്റ് ഇടിഞ്ഞ് 24,198ലുമെത്തി. യഥാക്രമം മൂന്ന് ശതമാനവും രണ്ട് ശതമാനവും ഇടിവാണ് സൂചികകള്‍ നേരിട്ടത്.

യുഎസിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 4.1 ശതമാനത്തില്‍നിന്ന് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോള തലത്തില്‍ പ്രതിഫലിച്ചു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത്. 12 മാസത്തിനുള്ളിലെ മാന്ദ്യ സാധ്യത 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായതായി ഗോള്‍ഡ്മാന്‍ സാച്സിലെ സമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തി.

മാന്ദ്യഭീതി ഉയര്‍ന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ശതമാനമെങ്കിലും കുറയ്ക്കുമെന്നാണ് സൂചന.

മാസങ്ങളായി രാജ്യത്തെ വിപണി ഉയര്‍ന്ന മൂല്യത്തിലാണുള്ളത്. മിഡ്, സ്മോള്‍ ക്യാപുകളില്‍ പ്രത്യേകിച്ചു. പ്രതിരോധം, റെയില്‍വെ തുടങ്ങി അമിത മൂല്യത്തിലുള്ള സെക്ടറുകള്‍ സമ്മര്‍ദത്തിലാകാനിടയുണ്ട്. ഓരോ തിരുത്തലും നിക്ഷേപിക്കാനുള്ള മികച്ച അവസരമായി കണ്ട് അതില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ അനുയോജ്യം.

ജൂണ്‍ പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ സമ്മിശ്രമായതിനാല്‍ വിപണിയുടെ മുന്നേറ്റത്തെ ബാധിച്ചു. നിലവില്‍ വിപണി ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ മുന്നേറ്റം തുടരുന്നതിന് അത് തടസ്സമാകുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. കമ്പനികളുടെ മികച്ച പ്രകടനം സമീപകാലയളവിലെ റാലിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അത് തുടരാത്ത സാഹചര്യത്തില്‍ വിപണിയിലുണ്ടാകാന്‍ സാധ്യതയുള്ള ലാഭമെടുപ്പ് സമ്മര്‍ദത്തിന് കാരണമായേക്കാം.

Top