കനത്ത മഴ; എറണാകുളത്ത് കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം

കനത്ത മഴ; എറണാകുളത്ത് കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം
കനത്ത മഴ; എറണാകുളത്ത് കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം

കൊച്ചി: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. എല്ലാ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഏത് സാഹചര്യവും നേരിടാന്‍ 24 മണിക്കൂറും തയ്യാറായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ തഹസിദാര്‍മാരും അവരുടെ താലൂക്ക് പരിധിയില്‍ നിന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കണം.

പറവൂര്‍ താലൂക്കില്‍ കണ്ണന്‍കുളങ്ങര ജി.യു എല്‍.പി സ്‌കൂളില്‍ ഒരു ക്യാമ്പ് ആരംഭിച്ചുണ്ട്. ഒരു കുടുംബത്തിലെ രണ്ടുപേര്‍ മാത്രമാണ് നിലവില്‍ ഇവിടെ ഉള്ളത്. വടക്കേക്കരയിലും ആവശ്യം ഉണ്ടെങ്കില്‍ ക്യാമ്പ് ആരംഭിക്കും. കുന്നുകരയിലെ നാല് വീടുകളില്‍ ഉള്ളവരെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കും.

തമ്മനം ശാന്തിപുരം കോളനിയില്‍ നിന്ന് വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റും.കുന്നുംപുറം ഇടപ്പള്ളി നോര്‍ത്തിലും ക്യാമ്പ് ആരംഭിക്കും. തൃക്കാക്കര നോര്‍ത്തില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. 16 പേരാണ് ഈ ക്യാമ്പിലുള്ളത്. കാക്കനാട് എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ: എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പത്ത് കുടുംബങ്ങളിലെ 25 പേരാണ് കഴിയുന്നത്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിലാണ് കീരേലിമല നിവാസികളെ ക്യാമ്പിലേക്ക് മാറ്റിയത്.

അനുവാദം ഇല്ലാതെ താലൂക്ക് വിട്ട് പോകരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി എന്നിവരെ കലക്ടര്‍ ബന്ധപ്പെട്ടു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ എന്ത് സഹായത്തിനും തയ്യാറാണെന്ന് അവര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സും സജ്ജമാണ്. ഇടവിട്ടുള്ള സമയങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കാലാവസ്ഥ മോശമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കലക്ടര്‍ അറിയിച്ചു.

Top