CMDRF

ഒമാനില്‍ കനത്ത മഴ തുടരുന്നു

ഒമാനില്‍ കനത്ത മഴ തുടരുന്നു
ഒമാനില്‍ കനത്ത മഴ തുടരുന്നു

മസ്‌കത്ത്: ന്യൂനമര്‍ദത്തിന്റെ ഭാഗമായി രാജ്യത്തെ ഒമാനില്‍ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. വിവിധ ഇടങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. വാദികളിലും മറ്റു കുടുങ്ങിയ നിരവധിപേരെ റോയല്‍ ഒമാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അമീറാത്ത്-ബൗഷര്‍ ചുരം റോഡ് താല്‍കാലികമായി അടച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇസ്‌ക്കിയിലെ വീട്ടില്‍നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി.

വാദികളില്‍ നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടതയായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സമദ് ഷാനില്‍ വാദി റൗദ സ്‌കൂള്‍ കെട്ടിടത്തിലേക്ക് വെള്ളം കയറി. ഇവിടെയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സ്‌കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇബ്രിയിലെ വാദി അല്‍ വഹ്റയില്‍ മൂന്നുപേര്‍ കുടുങ്ങി. ഞായറാഴ്ച മസ്‌കത്ത്, തെക്കന്‍ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരും. 30മുതല്‍ 120 മില്ലിമീറ്റര്‍വരെ മഴ പെയ്‌തേക്കും. ആലിപ്പഴവുംവര്‍ഷിക്കും. വടക്കന്‍ ബാത്തിന, മുസന്ദം, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയും കിട്ടിയേക്കും.

Top