തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിലും മഴ കനക്കും. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും അവധിയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്.