ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് മഴ. രാജസ്ഥാനിൽ രണ്ട് ദിവസത്തിനിടെ മാത്രം 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ജലനിരപ്പ് 5 മുതൽ 6 അടി വരെ ഉയർന്നിട്ടുണ്ട്. ഇതോടെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ പോലും സാധിക്കാതെ വലയുകയാണ് സാധാരണജനം.
മഴയിൽ ഏറ്റവും കൂടിതൽ നാശമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാൻ. കരൗലി ജില്ലയിൽ ഞായറാഴ്ച 38 സെൻ്റീമീറ്റർ “അസാധാരണമായ കനത്ത മഴ” രേഖപ്പെടുത്തി. പ്രധാന മാർക്കറ്റും മുനിസിപ്പൽ കൗൺസിൽ ഓഫീസും ഉൾപ്പെടെ ഹിന്ദൗണിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതായി കരൗലി ജില്ലയിലെ ബാധിത പ്രദേശത്ത് നിന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഹയർസെക്കൻഡറി സ്‌കൂളിനെയും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താനോ അഭിസംബോധന ചെയ്യാനോ രാഷ്ട്രീയ പ്രതിനിധികളോ ഭരണ പ്രതിനിധികളോ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ നിരാശ പ്രകടിപ്പിച്ചു. വെള്ളപ്പൊക്കം, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, പ്രായമായവരെയും കുട്ടികളെയും സാരമായി ബാധിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ വീടുകളും സാധനങ്ങളും നശിച്ചു. മഴവെള്ളം വീട്ടിൽ കയറിയതിനാൽ സാധനങ്ങൾ നഷ്ടപ്പെട്ടു, തങ്ങളെ സമീപിക്കാൻ ഭരണപക്ഷം ഒരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് ആളുകളുടെ പരാതി.
സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ജയ്പൂരിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച നേരത്തെ സൂചിപ്പിച്ചിരുന്നു.