റിയാദ്: കനത്ത മഴയെ തുടർന്ന് സൗദി തെക്കുപടിഞ്ഞാറൻ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളിൽ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായിട്ടില്ലാത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖല സാക്ഷ്യം വഹിച്ചത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയിൽ മൂന്ന് പേർ മരിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കവും നിരവധി ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി, വാഹനങ്ങളും ഒലിച്ചുപോയി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡുകൾ തകർന്നു.