തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ നവംബർ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം.
അതേസമയം, ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.