സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 23, 24 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പൊതുജനം കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 24,27 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നാളെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടലിന്റെ കിഴക്കന്‍ ഭാഗങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മിക്ക ഭാഗങ്ങളും , മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മിക്ക ഭാഗങ്ങളും, വടക്കന്‍ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Top