ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരാൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് തൃശൂർ നഗരത്തിൽ പലയിടത്തും വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. തൃശൂരിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ മേയർ എം കെ വർഗീസ് രംഗത്തെത്തി. പിഡബ്ല്യുഡിയുടെ വീഴ്ചയിൽ പഴി കേൾക്കേണ്ടത് കോർപ്പറേഷനെന്ന് മേയർ കുറ്റപ്പെടുത്തി. കാനകളുടെ അറ്റകുറ്റപ്പണി നടത്താത്തത് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിക്കുമെന്ന് മേയർ പറഞ്ഞു.