കനത്ത മഴ; റബർ ഉൽപാദന മേഖല സ്തംഭിച്ചു

കനത്ത മഴ; റബർ ഉൽപാദന മേഖല സ്തംഭിച്ചു

സംസ്ഥാനത്തെ കനത്ത മഴ റബർ ഉല്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചു. റബർ വെട്ട്‌ പൂർണമായി സ്‌തംഭിച്ചത്‌ കർക്കടകത്തിന്‌ മുന്നേ പുതിയ ഷീറ്റ്‌ വിൽപനയക്ക്‌ എത്താനുള്ള സാധ്യതകൾക്ക്‌ മങ്ങലേൽപിക്കും. പ്രതികൂല കാലാവസ്ഥയിൽ നാല്‌ മാസമായി റബർ ഉൽപാദന മേഖല മ്ലാനതയിലാണ്‌. പുതിയ ചരക്ക്‌ വരവിന്‌ കാലതാമസം നേരിടുമെന്ന്‌ വ്യക്തമായത്‌ വ്യവസായികളെ സമ്മർദത്തിലാക്കി. ആഭ്യന്തര വില ഉയർത്തിയിട്ടും ആവശ്യാനുസരണം ഷീറ്റും ലാറ്റക്‌സും കണ്ടെത്താൻ ടയർ നിർമാതാക്കൾക്കായില്ല.

കാലവർഷത്തിന്റെ തുടക്കം റബർ ടാപ്പിങ്ങിന്‌ അനുകൂല സാഹചര്യം ഒരുക്കുമെന്ന്‌ നേരത്തേ തോട്ടം മേഖല വിലയിരുത്തിയെങ്കിലും കർഷകരുടെ പ്രതീക്ഷക്ക്‌ ഒത്ത്‌ മരങ്ങളിൽ വെട്ടു നടത്താൻ മാസത്തിന്റെ ആദ്യ പകുതിയിൽ കഴിഞ്ഞില്ല. ഒട്ടുമിക്ക തോട്ടങ്ങളിലും മഴമറ ഒരുക്കാൻ യഥാസമയം ഉൽപാദകർക്കാവാഞ്ഞത്‌ തിരിച്ചടിക്ക്‌ കാരണമായി.

മേയ്‌ രണ്ടാം പകുതിയിലെ കനത്ത മഴതന്നെയാണ്‌ കർഷകരെ ഇതിൽനിന്നും പിൻതിരിപ്പിച്ചത്‌. അന്ന്‌ കിലോ 190 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡ്‌ ജൂണിൽ 200 കടന്ന്‌ 207ൽ എത്തി. ഷീറ്റ്‌ ക്ഷാമം വിപണികളിൽ അനുഭവപ്പെട്ടത്‌ വിലക്കയറ്റത്തിന്‌ വേഗം കൂട്ടി. എന്നാൽ, ഉൽപാദകരിലും മധ്യവർത്തികളിലും കാര്യമായി റബർ സ്‌റ്റോക്കില്ലാത്തതിനാൽ വിപണിയിലെ മികവ്‌ നേട്ടമാക്കാനായില്ല.

ഇതിനിടയിൽ കണ്ടെയ്‌നർ ക്ഷാമത്തിൽ യഥാസമയം ഓർഡർ പ്രകാരമുള്ള ഷിപ്മെൻറുകൾ പൂർത്തിയാക്കുന്നതിൽ ബാങ്കോക്കിലെ കയറ്റുമതിക്കാർക്ക്‌ വീഴ്‌ച സംഭവിച്ചു. ഇത്‌ ഇന്ത്യൻ ടയർ മേഖലക്ക്‌ കനത്ത പ്രഹരമായി. മേയ്‌ -ജൂൺ ഷിപ്മെൻറുകളിൽ സംഭവിച്ച തടസ്സം റബർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ പല വ്യവസായികളുടെ പ്രവർത്തനത്തെ ബാധിക്കും.

Top