റിയാദ്: കനത്ത മഴയില്‍ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മണിക്കൂറുകളോളമാണ് നീണ്ടു നിന്നത്. വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ചില പ്രദശങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.
വിവിധ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളിലേയും വാഹനങ്ങള്‍ തിരിച്ചുവിട്ടു. പലസ്തീന്‍, പ്രിന്‍സ് മാജിദ് റോഡ് തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രദേശത്തെ അടിപ്പാതയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് അടച്ചിട്ടു.
മക്കയില്‍ അതിശക്തമായ മഴയായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളില്‍ ആലിപ്പഴ മഴയും ഉണ്ടായി. ചില സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലും ഉണ്ടായി. ഖുന്‍ഫുദക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ മഴ കാരണം വൈദ്യതി വിതരണം തടസ്സപ്പെട്ടിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജിദ്ദ, മക്ക, ബഹ്‌റ, കാമില്‍, ജൂമും, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.