തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം ഏറെ നിർണ്ണായകമാണെന്നും കനത്ത ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മുന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകാൻ ഐടി കമ്പനികൾക്ക് സർക്കാർ നിർ​ദേശം നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോ​കന യോ​ഗത്തിലാണ് തീരുമാനം.

വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം ഏറെ നിർണ്ണായകമാണെന്നും കനത്ത ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു. ഒക്‌ടോബർ 14 നും 17 നും ഇടയിൽ തമിഴ്‌നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിൽ 40 സെൻ്റീമീറ്റർ വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒരു ദിവസം 20 സെൻ്റീമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

വെള്ളപ്പൊക്കമുണ്ടായൽ നേരിടുന്നതിനായി 990 പമ്പ് സെറ്റുകളുള്ള 57 ട്രാക്റ്ററുകൾ സജ്ജമാണെന്ന് മുഖ്യമന്ത്രിയുടെ അവലോകന യോ​ഗത്തിൽ ചെന്നൈ കോർപറേഷൻ കമ്മീഷൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 59 ജെസിബി, 272 മരം മുറിക്കുന്ന യന്ത്രങ്ങൾ, 176 വാട്ടർ ഡ്രെയിനറുകൾ, 130 ജനറേറ്റുകൾ, 115 ലോറികൾ എന്നിവ സജ്ജമാണെന്നും അറിയിച്ചു. ദുരന്തങ്ങളെ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയേയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളിലെത്താൻ മോണിറ്ററിം​ഗ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Top