CMDRF

ഒമാനിൽ കനത്ത മഴ തുടരുന്നു

റുസ്താഖ്, ഇബ്രി, ഖുറിയാത്ത്, നഖല്‍, ഖസബ്, തെക്കന്‍ ബൗശര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്

ഒമാനിൽ കനത്ത മഴ തുടരുന്നു
ഒമാനിൽ കനത്ത മഴ തുടരുന്നു

മസ്‌കത്ത്: ന്യൂനമര്‍ദത്തിന്റെ ഭാഗമായി രാജ്യത്ത് കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴകോരിച്ചൊരിയുന്നത്. വിവിധ വിലായത്തുകളില്‍ വാദികള്‍ കവിഞ്ഞൊഴുകുകയാണ്. ഇവ മുറിച്ചുകടക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. റുസ്താഖ്, ഇബ്രി, ഖുറിയാത്ത്, നഖല്‍, ഖസബ്, തെക്കന്‍ ബൗശര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്.

തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ചൊവ്വാഴ്ചയും തുടരുകയായിരുന്നു. വാദികളില്‍ വാഹനങ്ങള്‍ കുത്തിയൊലിച്ച് പോകുകയും ചെയ്തു. ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലും മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ തെക്കന്‍ ഭാഗങ്ങളിലുമാണ് മഴ പെയ്തത്. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്കുശേഷം അവധി നല്‍കി. ചില ക്ലാസുകള്‍ ഓണ്‍ ലൈനിലേക്ക് മാറ്റുകയും ചെയ്തു. ഉള്‍പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി നേരിയതോതില്‍ ഗതാഗത തടസ്സവും നേരിട്ടു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, തലസ്ഥാന നഗരിയായ മസ്‌കത്തിന്റെ നഗര പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ലഭിച്ചില്ല. ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍, ശക്തി കുറയും. ദോഫാര്‍ ഗവര്‍ണറേറ്റിലെയും ഹജര്‍ പര്‍വതനിരകളിലും തീരപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും 10 മുതല്‍ 20 മില്ലി മീറ്റര്‍വരെ മഴ പെയ്‌തേക്കും. ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചേക്കും. മണിക്കൂറില്‍ 27മുതല്‍ 55 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Top