മുംബൈ: കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് മുംബൈയിൽ രേഖപ്പെടുത്തുന്നത്. നഗരത്തിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം ഓവുചാലിൽ വീണ് 45കാരി മരിച്ച സംഭവത്തിൽ പൊലീസ് കോർപറേഷനെതിരെ കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു അന്ദേരിയിലെ റോഡിൽ നിറഞ്ഞുകിടന്നിരുന്ന ഓവുചാലിൽ വീണ് വിമല അനിൽ ഗെയ്ക്‌വാദ് മരിച്ചത്.
സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമലയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമെന്ന് ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നയാളാണ്, വിമല ജോലിക്ക് പോയാണ് കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്നത്. വിമലയുടെ മരണത്തിന് ആരാണോ ഉത്തരവാദി അവർ ശിക്ഷിക്കപ്പെടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
അന്ദേരി ഈസ്റ്റിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ബിൽഡിങിന് സമീപമാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കനത്ത മഴയിൽ റോഡുകളുൾപ്പടെ വെള്ളത്തിൽ മുങ്ങിയിരുന്നു. തുറന്ന് കിടന്ന മാൻഹോൾ കാണാതെ വിമല ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. വിമലയെ പുറത്തെത്തിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.