ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമില്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേര്‍ കൂടി മരിച്ചതോടെ പ്രളയത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലെ 14 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 365 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്നര ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കാസിരംഗ ദേശീയോദ്യാനത്തില്‍ നിരവധി മൃഗങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. 150ലേറെ മൃഗങ്ങള്‍ ചത്തതായാണ് കണക്ക്. 233 ഫോറസ്റ്റ് ക്യാംപുകളില്‍ 62 എണ്ണം വെള്ളത്തില്‍ മുങ്ങി. ഉത്തര്‍പ്രദേശിലെ 60 ജില്ലകളില്‍ പ്രളയം രൂക്ഷമാണ്. സംസ്ഥാനത്ത് 19 പേര്‍ മരിച്ചു. റാപ്തി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് 200 മീറ്ററിലെത്തിയ സാഹചര്യത്തില്‍ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. 205 മീറ്ററാണ് അപകടനില. നദീതീരത്ത് ഉള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യമുനയില്‍ ജലനിരപ്പ് ഉയര്‍ന്ന് നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു.