സംസ്ഥാനത്ത് മഴ കനക്കുന്നു. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് എറണാകുളം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് ആലുവ, കളമശ്ശേരി ഭാഗങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ആലുവ മുപ്പത്തടത്ത് കിണര്‍ ഇടിഞ്ഞു. എറണാകുളം മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്.
അതേസമയം, തൃശ്ശൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാകലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ദുരന്തനിവാരണ ചുമതലയുള്ള എ.ഡി.എം കോര്‍പ്പറേഷന്‍ സെക്രട്ടറി ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയായ സാഹചര്യം പരിശോധിക്കും. വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷനാണെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാര്‍ഡുകളിലും ഐ.സി.യുവിലും വെള്ളം കയറി. ദേശീയപാതയില്‍ പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തില്‍ വീണതാണെന്നാണ് കരുതുന്നത്. കനത്ത മഴ മൂലം കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകുകയാണ്. അബൂദബി, മസ്‌ക്കത്ത് വിമാനങ്ങളാണ് വൈകുന്നത്. കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങള്‍ മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു.