തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭാ സീറ്റ് പ്രതിസന്ധിയാകുന്നു. രാജ്യസഭാ സീറ്റിൻറെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സി.പി.ഐ സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻറെ കനത്ത അതൃപ്തിയാണ് ഇടതുമുന്നണിയിലാകെ.
രാജ്യസഭാ സീറ്റ് പ്രശ്നം പരിഹരിക്കുന്നതിൽ സി.പി.എമ്മിനുണ്ടായിരുന്ന ആജ്ഞാശക്തിയെയും തോൽവി കാര്യമായി ബാധിച്ചു. മത്സരിച്ച നാലുസീറ്റും തോറ്റ സാഹചര്യത്തിൽ രാജ്യസഭാ സീറ്റിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അനൗപചാരികമായി അറിയിച്ചു കഴിഞ്ഞു.
വേണമെങ്കിൽ സി.പി.എം രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തോട്ടെ എന്ന നിലയിലാണ് സി.പി.ഐ നിൽക്കുന്നത്. കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനമുൾപ്പടെ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ലെന്നും സി.പി.ഐ അറിയിച്ചിട്ടുണ്ട്.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനമല്ല, അതിൽ കൂടിയത് നൽകിയാലും രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് എമ്മിന്. കോട്ടയത്ത് തോറ്റതോടെ പാർട്ടിക്ക് പാർലമെൻറിൽ പ്രാതിനിധ്യമില്ലാതായ കാര്യം സി.പി.എമ്മിന് മുന്നിൽ ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച കക്ഷികളുമായി സി.പി.എം ഉഭയകക്ഷി ചർച്ച നടത്തും.