ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം; ദേശീയപാത നിര്‍മാണം തടഞ്ഞ് നഗരസഭ

ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം; ദേശീയപാത നിര്‍മാണം തടഞ്ഞ് നഗരസഭ
ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം; ദേശീയപാത നിര്‍മാണം തടഞ്ഞ് നഗരസഭ

പൊന്നാനി: ദേശീയപാതയോരത്തെ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് നിര്‍മാണം തടഞ്ഞ് പൊന്നാനി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം. ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടി എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെയാണ് നഗരസഭ അധികൃതരെത്തി നിര്‍മാണം നിര്‍ത്തിവെപ്പിച്ചത്. വെള്ളം ഒഴുകിപ്പോകാനുള്ള ചമ്രവട്ടം ജങ്ഷനിലെ ഓടകള്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് അടഞ്ഞതോടെയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്, നഗരസഭയിലെ ആറ്, ഏഴ, എട്ട്, ഒമ്പത്, 20 വാര്‍ഡുകളിലെ മഴവെള്ളം നീലം തോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കലുങ്ക് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിപ്പോയിരു ന്നത്. എന്നാല്‍, ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി ഈ കലുങ്ക് അടച്ചു. ദേശീയപാതയുടെ കാന ഉയര്‍ത്തി നിര്‍മിച്ചതിനാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ഈ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 50 ഓളം കുടുംബങ്ങള്‍ വീടൊഴിയുകയും ചെയ്തു. ഞായറാഴ്ചയും വെള്ളക്കെട്ടിന് പരിഹാരമാവാത്തതോടെയാണ് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചത്.

വെള്ളക്കെട്ടിന് പരിഹാരം കണ്ടതിന് ശേഷം മാത്രമേ നിര്‍മാണം അനുവദിക്കുവെന്ന നിലപാടില്‍ നഗരസഭ എത്തിയതോടെ ദേശീയത വിഭാഗത്തിന്റെ നേത്യത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങള്‍ മാറ്റി വെള്ളം ഒഴുക്കിവിട്ടു. ദേശീയപാത നിര്‍മാണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ ദുരിതത്തിനാണ് ഇനിയും പരിഹാരമില്ലാത്തത്. പലതവണ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള പരിഹാരം മാര്‍ഗം ഒരുക്കാതെ അധികൃതര്‍ മുന്നോട്ട് പോവുകയായിരുന്നു. പ്രതിഷേധങ്ങളും പരാതികളും ശക്തമാകുമ്പോള്‍ മുറപോലെ ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കാണാമെന്ന ഉറപ്പ് നല്‍കുക മാത്രമാണിപ്പോള്‍ നടക്കുന്നത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി ദേശീയപാതയുടെ കാന നിര്‍മാണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ വെള്ളക്കെട്ട് ദുരിതത്തിനാണ് ഇനിയും അവസാനമില്ലാത്തത്. കാന നിര്‍മാണം ആരംഭിക്കുന്നത് മുമ്പ്തന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പ് നാട്ടുകാര്‍ നല്‍കിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ കാന നിര്‍മിച്ചതാണ് നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്.

Top