സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷം അപകടങ്ങള്‍ കൂടിയെന്നും കുറഞ്ഞെന്നുമുള്ള വാദങ്ങള്‍ക്കിടെ ആശ്വാസമായി കേരളത്തില്‍ മരണനിരക്കിലെ കുറവ്. 2022-മായി താരതമ്യംചെയ്യുമ്പോള്‍ 2023-ല്‍ മരിച്ചവരുടെ എണ്ണത്തില്‍ 307 പേരുടെ കുറവുണ്ടായിട്ടുണ്ട്. 2022-ല്‍ 43,910 വാഹനാപകടങ്ങളുണ്ടായി. 4317 പേര്‍ മരിച്ചു. 2023-ല്‍ അപകടങ്ങളുടെ എണ്ണം 48,141 ആയി വര്‍ധിച്ചപ്പോഴും 4010 ആണ് മരിച്ചവരുടെ എണ്ണം. ഈവര്‍ഷം ഫെബ്രുവരിവരെ 9174 അപകടങ്ങളിലായി 673 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ മരിക്കുന്നവരില്‍ കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ്. തൊട്ടുപിന്നില്‍ കാര്‍ യാത്രക്കാരും.
2022-ല്‍ 1288 ഇരുചക്രവാഹനയാത്രക്കാരും 974 കാര്‍ യാത്രക്കാരും കൊല്ലപ്പെട്ടു. 2021-ല്‍ ഇത് യഥാക്രമം 1069-ഉം 710-ഉം ആണ്. വര്‍ഷംതോറും 40,000 മുതല്‍ 55,000 പേര്‍ക്കുവരെ അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നുണ്ട്. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടമരണനിരക്ക് കൂട്ടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ മൊത്തം 4317 വാഹനാപകട മരണമുണ്ടായതില്‍ 3162 പേരും കൊല്ലപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധമൂലമാണ്.
അപകടങ്ങള്‍ കൂടുന്നതില്‍ വാഹനപ്പെരുപ്പവും കാരണമാകുന്നുണ്ട്. 2020-ന്റെ തുടക്കത്തില്‍ 1.40 കോടി എണ്ണമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം ഇപ്പോള്‍ 1.75 കോടിയിലേക്ക് എത്തുകയാണ്. ആകെ 2,38,773 കിലോമീറ്റര്‍ റോഡുള്ളതില്‍ 90 ശതമാനവും ഒറ്റവരിപ്പാതയാണ്. ദേശീയശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ് റോഡ് സാന്ദ്രത. മാത്രമല്ല, ഗതാഗതത്തിന്റെ 80 ശതമാനവും കൈകാര്യംചെയ്യുന്നത് 12 ശതമാനം റോഡ് ശൃംഖലയാണ്. കഴിഞ്ഞവര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച എ.ഐ. ക്യാമറ അപകടമരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍രക്ഷാസംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയതും പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.