2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ മലയാള സിനിമയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. തഴയപ്പെട്ടതോ, തിരസ്‌കരിക്കപ്പെട്ടതോ ആയ അത്തരം വിഷയങ്ങള്‍ പിന്നീട് മേഖലയില്‍ സജീവ ചര്‍ച്ചയായി. അതുവരെ കണ്ണടച്ചിരുന്നവര്‍ 8 വര്‍ഷം മുമ്പ് അത്യന്തം ദാരുണമായ ഒരു സംഭവം കൊച്ചിയില്‍ അരങ്ങേറിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഹാഷ് ടാഗും, പിന്തുണയുമായി രംഗപ്രവേശനം ചെയ്തു. സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ഇരയെയും പ്രതിയെയും പരസ്പരം അനുകൂലിച്ചും, പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ നിരന്നപ്പോള്‍, സിനിമാമേഖലയും തൊഴിലിടമാണെന്ന ശബ്ദമുയര്‍ന്നു. ഇരകളുടെ നിസ്സഹായതയെ ചൂഷണം ചെയ്ത് എഴുതിത്തള്ളപ്പെടുന്ന ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ സമര്‍ത്ഥരായി രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ തെറ്റ് ചെയ്തവരാണ് സമൂഹത്തിന് മുന്നില്‍ കരയേണ്ടത് എന്ന നിലപാടും തനിക്ക് ലഭിക്കേണ്ട നീതിക്കായി സധൈര്യം പോരാടാന്‍ എടുത്ത നടിയുടെ ഉറച്ച നിലപാടും കേസിന്റെ നിലമാറ്റി.
തനിക്കു നേരെ വന്ന അനീതിയുടെയും അക്രമത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ടെടുത്ത ആ ഉറച്ച നിലപാടാണ് പിന്നീട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി ആരംഭിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അഥവാ ഡബ്ല്യുസിസി എന്ന സംഘടനയ്ക്ക് ജീവന്‍ നല്‍കിയത്. സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയും, വിവേചനങ്ങള്‍ക്കെതിരെയും നടന്ന തുറന്ന പോരാട്ടമായിരുന്നു WCC. എല്ലാ ഇന്‍ഡസ്ട്രികളിലെയും പോലെ പുരുഷനു മേല്‍ക്കോയ്മയുള്ള മലയാളത്തിലും അവകാശങ്ങള്‍ക്കായും, ചെറുത്തു നില്‍പ്പിനായും ആരംഭിച്ച ഈ നേതൃത്വത്തിന്റെ നിലനില്‍പ്പ് ഒരു തുറന്ന പോരാട്ടമായിരുന്നു. അമ്മ പോലുള്ള സംഘടനകളെ പ്രതിരോധത്തിലാക്കിയ വനിതാ സംഘടനയുടെ നിലപാടുകള്‍ പല വിഗ്രഹങ്ങളെയും ഉടക്കാന്‍ പോന്നതായിരുന്നു.
സംഘടനയുടെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഫലമായി 2017 ജൂലൈയില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു കമ്മീഷനെ രൂപീകരിക്കുന്നു. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു അത്. രണ്ട് കൊല്ലത്തിനു ശേഷം 2019 ഡിസംബര്‍ 31-ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ 300 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് കമ്മിറ്റി കൈമാറി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെളിയിക്കുന്നതിനുള്ള എല്ലാവിധ രേഖകളും മൊബൈല്‍ സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ 5 വര്‍ഷത്തോളം റിപ്പോര്‍ട്ട് പുറംലോകം കാണാതെ സര്‍ക്കാര്‍ ഭദ്രമായി സൂക്ഷിച്ചു. പല പ്രമുഖരുടേയും മുഖംമൂടി അഴിഞ്ഞുവീഴാതിരിക്കാനെന്നോണം റിപ്പോര്‍ട്ട് ആരും ആരെയും കാണിച്ചില്ല.
സ്ത്രീ-പുരുഷ അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ ചലച്ചിത്ര രംഗത്ത് സജീവമായുള്ള നിരവധി ആളുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ അഭിമുഖം നടത്തി. സിനിമാ മേഖലയിലെ നിരവധി വനിതകള്‍ തങ്ങള്‍ക്ക് സെറ്റുകളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് കമ്മീഷനോട് വിവരിച്ചു. അവസരങ്ങള്‍ക്കായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിലുണ്ടെന്ന് കമ്മീഷന്റെ കണ്ടെത്തലുകളിലുണ്ടായിരുന്നു. മാത്രമല്ല സിനിമാ സെറ്റുകളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗം വ്യാപകമായുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹേമ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവരാത്തത് പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണെന്ന് നടി പാര്‍വതി തിരുവോത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ നേരത്തെ പറയുകയുണ്ടായി.
എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഇത്ര മടി… അഞ്ച് വര്‍ഷത്തോളമായി പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് പൊടിതട്ടി പുറത്തിറക്കുമ്പോള്‍ 2019 മുതല്‍ 2024 വരെ നീണ്ട കാത്തിരിപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സ്വകാര്യതയ്ക്ക് നിയമം നല്‍കുന്ന ബഹുമാനം മുതലെടുത്തുകൊണ്ട് 300 പേജുള്ള റിപ്പോര്‍ട്ടില്‍ നിന്ന് പ്രധാനപ്പെട്ട 20 പേജുകള്‍ ഒഴിവാക്കി വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ നീക്കംചെയ്തുമാണ് റിപ്പോര്‍ട്ട് വെളിച്ചം കാണിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കേയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ചലച്ചിത്ര മേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനി എന്ന് പുറംലോകം കാണുമെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്.
REPORT : ANURANJANA KRISHNA . S.