ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോർട്ടിൽത്തന്നെയുണ്ടെന്നും അതിനാൽ കോടതിയിടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മലയാള സിനിമ സെറ്റുകളിലെ കാരവാൻ ഉടമകളുടെ യോഗം കൊച്ചിയിൽ ഇന്ന് ചേരും. നിർമ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളിൽ കാരവാൻ നൽകുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളിൽ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ച് തുടങ്ങിയിരുന്നു. വെളിപ്പെടുത്തലിൽ കേസെടുക്കാനുളള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വസ്തുത തേടി യോഗം വിളിച്ചിരിക്കുന്നത് എന്ന് നിർമ്മാതാക്കൾ പറഞ്ഞു.
Also Read: വയനാട് ഉരുൾപൊട്ടൽ; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട് പുറത്ത്
മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു
ലൈംഗികാതിക്രമ കേസിൽ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസാണ് ജാമ്യം അനുവദിച്ചത്. മുകേഷ് നിയമസഭാംഗമാണെന്നും നിയമനടപടികളിൽനിന്ന് ഒളിച്ചോടില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്ന് മുകേഷിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു.
ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.