കൊച്ചി: താരസംഘടന ‘എഎംഎംഎ’യുടെ തലപ്പത്തേക്ക് തിരിച്ചു വരവില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സങ്കീർണമായ സംഘടനയുടെ ഭാരവാഹി സ്ഥാനത്ത് നിന്നും മോഹൻലാലും, പീഡന ആരോപണം നേരിട്ട മുൻ ജനറൽ സെക്രട്ടറി സിദ്ദിഖും മറ്റു താരങ്ങളും കൂട്ടരാജി സമർപ്പിച്ചിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനി അത് അടുത്ത ജൂണിൽ മാത്രമേനടക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്കാണു താൽക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
മൂന്നു വർഷത്തിലൊരിക്കലാണ് സാധാരണയായി ജനറൽ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. 2021ലെ തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹൻലാൽ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ 25 വർഷത്തിനുശേഷം ഇടവേള ബാബു ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിൽ മോഹൻലാൽ അധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു.