തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് അറിയിക്കാൻ ഫെഫ്ക. ഫെഫ്കയുടെ ഘടക യൂണിയനുകൾ റിപ്പോർട്ട് വിശകലനം ചെയ്യും. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾക്കും ഫെഫ്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഊന്നൽ നൽകിയാകും റിപ്പോർട്ട് വിശകലനം ചെയ്യുക. ഇത് സംബന്ധിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ഘടക യൂണിയനുകൾക്ക് കത്തയച്ചു. ലൈംഗികാതിക്രമത്തെ കുറിച്ചും ചൂഷണത്തെക്കുറിച്ചും വനിതാ സഹപ്രവർത്തകർ നടത്തിയ തുറന്നുപറച്ചിലുകൾ ഞെട്ടിക്കുന്നതാണെന്നും ഫെഫ്ക കൂട്ടിച്ചേർത്തു. വിശകലന റിപ്പോർട്ട് ചർച്ച ചെയ്യാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഫെഫ്ക യോഗം ചേരും.ഓരോ സെഷനിലും 3 യൂണിയനുകളുടെ റിപ്പോർട്ട് വീതമായിരിക്കും ചർച്ച ചെയ്യുക. തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്കും നൽകിയേക്കും.
ഫെഫ്ക യൂണിയനുകളിൽപ്പെട്ട പത്ത് സ്ത്രീകളെ ഹേമ കമ്മിറ്റി കണ്ടെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഭക്ഷണ വിവേചനം ഉണ്ടാകുന്നതിൻ്റെ ഉത്തരവാദിത്തം യൂണിയന് തന്നെയാണ്. ആളൊന്നിന് തുക കണക്കാക്കിയാണ് നിർമ്മാതാവ് നൽകുന്നത്. വിവേചനം പാടില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കത്തിൽ പറയുന്നുണ്ട്. ലിംഗ നീതിയും സ്ത്രീസുരക്ഷയും ഉറപ്പാക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്ന കാലത്തിൽ നിന്ന് സാഹചര്യം ഏറെ മാറിയിട്ടുണ്ടെങ്കിലും നിരന്തരമായ തിരുത്തലുകൾ ആവശ്യമാണെന്നും കത്തിൽ പറയുന്നു.അതേസമയം അതിജീവിതമാർ ധീരതയോടെ മുന്നോട്ടുവന്ന് നിയമ നടപടിയുടെ ഭാഗമാകണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്ന ലൈംഗിക അക്രമങ്ങളിൽ ഉൾപ്പെട്ടവർ, അവരെത്ര ഉന്നതർ ആയാലും നിയമ നടപടികളിലൂടെ കടന്നുപോവുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മിറ്റിക്ക് മൊഴികൊടുത്തത് യൂണിയനിൽ പെട്ട പത്തിൽ താഴെ അംഗങ്ങൾ മാത്രമാണ്. അവരാരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. സിനിമയിലെ നടീ നടന്മാരെയും സാങ്കേതിക പ്രവർത്തകരെയും തീരുമാനിക്കുമ്പോൾ മെറിറ്റ്, പ്രതിഫലം, ജോലിയോടുള്ള പ്രൊഫഷണൽ കമ്മിറ്റ്മെൻറ് എന്നിവയല്ലാതെ ഒരുതരത്തിലുള്ള പരിഗണനകളും പാടില്ലെന്ന് ഉറപ്പാക്കണം. മറ്റു പരിഗണനകൾ, സമ്മർദ്ദങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക, ലൈംഗിക താല്പര്യങ്ങളോ, സ്വജന പക്ഷപാതമോ ഉണ്ടെങ്കിൽ അഭിസംബോധന ചെയ്യപ്പെടുക തന്നെ വേണം.
Also Read:നടൻ സിദ്ധിഖിനെതിരെ പരാതി; പോക്സോ ചുമത്തണമെന്ന് ആവശ്യം
ഡബ്ല്യൂസിസി അംഗങ്ങൾ ആയതുകൊണ്ട് മാത്രം സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ അത് ഗുരുതരമായ പ്രശ്നമാണ്. അതിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. 2018 – 24 കാലത്ത് ഡബ്ല്യൂസിസി അംഗങ്ങൾ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തണം. ഡബ്ല്യൂസിസിയോട് ഫെഫ്കക്ക് സങ്കുചിതവും ശത്രുതാപരവുമായ സമീപനം ഇല്ലെന്നും കത്തിൽ പറയുന്നു.
പവർ ഗ്രൂപ്പ് സിനിമയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യകതമല്ല. 15 പേർ അടങ്ങുന്ന പവർ ഗ്രൂപ്പ് പ്രായോഗിക തലത്തിൽ സാധ്യമാവുന്ന ഒന്നല്ല. പവർ ഗ്രൂപ്പ് എന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിഗമനത്തെപ്പറ്റി വ്യക്തമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും സംവിധായകൻ രഞ്ജിത്തും രാജിവെച്ചതിന് പിന്നാലെയാണ് റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാനുള്ള ഫെഫ്കയുടെ തീരുമാനം.