ഹേമാ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാൻ കഴിയില്ലെന്ന സർക്കാരിന്റെ വാദം സ്ത്രീപീഡകരെ സംരക്ഷിക്കുന്നതെന്ന് കെ.സുധാകരൻ

ഹേമാ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാൻ കഴിയില്ലെന്ന സർക്കാരിന്റെ വാദം സ്ത്രീപീഡകരെ സംരക്ഷിക്കുന്നതെന്ന് കെ.സുധാകരൻ
ഹേമാ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാൻ കഴിയില്ലെന്ന സർക്കാരിന്റെ വാദം സ്ത്രീപീഡകരെ സംരക്ഷിക്കുന്നതെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിൻറെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആ റിപ്പോർട്ട് ഇത്രയും വർഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ പരാതി ലഭിച്ചാൽ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത സിപിഎമ്മിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം.

വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സർക്കാർ തിരുത്തണം. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ട് കൈയ്യിൽ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത്. പിണറായി സർക്കാർ അതിന് തയ്യാറാകാതെ ഇരുന്നതിലൂടെ അവരുടെ ആത്മാർത്ഥതയില്ലായ്മ പ്രകടമാണ്. മലയാളചലച്ചിത്ര മേഖലയിലെ തൊഴിൽ ചൂഷണം നിയന്ത്രിക്കാൻ സർക്കാർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം. ഹേമ കമ്മിറ്റിയിലെ ശുപാർശകളുടെ പ്രായോഗികത സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം.

ആഭ്യന്തരം, സാംസ്‌കാരികം, തൊഴിൽ വകുപ്പുകൾ ഈ റിപ്പോർട്ടിന്റെ ഗൗരവം ഉൾക്കൊണ്ട് കൊണ്ടുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് നിർഭാഗ്യകരമാണ്. ഇത് ആരെ സംരക്ഷിക്കാനും പ്രീതിപ്പെടുത്താനുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ മന്ത്രിയും എംഎൽഎയുമായുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. ഗുരുതരവും ഞെട്ടിക്കുന്നതുമായ കണ്ടെത്തലുകൾ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും വർഷം പുറത്തുവിടാതിരുന്നതും ഒടുവിൽ പുറത്തുവന്നപ്പോൾ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതും ദൂരൂഹമാണെന്നും സുധാകരൻ പറഞ്ഞു.

Top