കൊച്ചി: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
‘ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്’ എന്ന വാക്കുകളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളും താരകങ്ങളുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. സിനിമ മേഖലയിലെ വനിതകള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിർമ്മാതാക്കളും സമ്മര്‍ദം ചെലുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിനിമാ മേഖലയ്ക്ക് പുറമെയുള്ള തിളക്കം മാത്രം. ലഹരി ഉപയോഗം സിനിമയില്‍ വ്യാപകം. പരാതി പറയുന്ന സ്ത്രീകള്‍ പ്രശ്‌നക്കാര്‍. സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റീ ഷൂട്ട് ചെയ്യിപ്പിക്കും. ഇത്തരത്തില്‍ 17 തവണ ഷൂട്ട് ചെയ്യിച്ചിട്ടുണ്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സഹകരിക്കുന്നവര്‍ക്ക് കോഡ് പേര്. വഴങ്ങാത്തവര്‍ പ്രശ്‌നക്കാരായി മുദ്രകുത്തപ്പെടും. ചുംബന രംഗത്തിനും ന്യൂഡിറ്റി രംഗത്തിനും നിർബന്ധിപ്പിക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. അതിക്രമം കാട്ടിയവരില്‍ പ്രമുഖരും മലയാള സിനിമ നിയന്ത്രിക്കുന്ന മാഫിയ സംഘം. വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയതായി കമ്മിറ്റി.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാള സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സംവിധായകനെതിരെ പരാതി പറയാൻ പോലും സിനിമയിൽ സ്ത്രീകൾക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാൽ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. എന്നാൽ പുരുഷ സൂപ്പർസ്റ്റാറുകൾക്കോ, സംവിധായകർക്കോ പ്രൊഡ്യൂസർക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാൽ സിനിമയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകൾ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്. തുല്യ പ്രതിഫലം നൽകണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യം. ട്രൈബ്യൂണൽ രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിൽ പറയുന്നു.