തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, വിവരാവകാശ കമ്മീഷൻ നിര്‍ദേശിച്ചതിനെക്കാള്‍ കൂടുതല്‍ ഭാഗം സര്‍ക്കാര്‍ നീക്കിയതില്‍ വിവാദം. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 49 മുതല്‍ 53 വരെയുള്ള പേജുകള്‍ പൂര്‍ണമായി ഒഴിവാക്കി. ഈ ഭാഗം മാറ്റാന്‍ വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നില്ല
ആകെ 129 ഖണ്ഡികുകളാണ് വെട്ടിമാറ്റിയത്. 21 ഖണ്ഡികകള്‍ മാത്രം ഒഴിവാക്കാന്‍ വിവരാവകാശ കമീഷന്‍ നിര്‍ദേശിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇത്രയും ഭാഗങ്ങള്‍ നീക്കിയത്. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കമ്മീഷൻ നിര്‍ദേശിച്ചിരുന്നെന്നും അതിനാലാണ് ഇത്രയും ഭാഗം നീക്കേണ്ടിവന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാറിനു മുമ്പില്‍ നിയമപരവും സാങ്കേതികവുമായ പ്രശ്‌നമുണ്ടെന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. കേസ് സെപ്റ്റംബര്‍ പത്തിന് ഹൈകോടതി പരിഗണിക്കുമെന്നും തുടര്‍ നടപടികള്‍ കോടതി നിര്‍ദേശ പ്രകാരമായിരിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു.