പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണുകള്‍ വരണ്ട് പോകുന്നത്. കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. അമിതമായ കംപ്യൂട്ടര്‍, ഫോണ്‍ എന്നിവയുടെ ഉപയോഗമാണ് പലപ്പോഴും വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാര മാര്‍ഗങ്ങളുണ്ട്. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് കണ്ണുനീര്‍ അത്യന്താപേക്ഷിതമാണ്. കാരണം അവ കണ്ണിന്റെ ഉപരിതലത്തെ ലൂബ്രിക്കേറ്റ് ചെയ്യാനും അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും വ്യക്തമായ കാഴ്ച ഉറപ്പാക്കാനും സഹായിക്കുന്നു. കണ്ണുനീര്‍ ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് വരണ്ട കണ്ണിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിനുള്ള പ്രധാനപ്പെട്ട പരിഹാരമാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും 1 മുതല്‍ 2 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ദൈനംദിന ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരിക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കണ്ണുനീരിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. 7 മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുന്നതും കണ്ണിന്റെ വരള്‍ച്ച മാറ്റാന്‍ സഹായിക്കും.
വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് നെല്ലിക്ക,വരണ്ട കണ്ണുകള്‍ക്കുള്ള ഒരു പ്രധാന പ്രകൃതിദത്ത പ്രതിവിധിയാണ്. നെല്ലിക്ക കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നെല്ലിക്കയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കണ്ണിന്റെ ചുവപ്പും അസ്വസ്ഥതയും കുറയ്ക്കുന്നു. കണ്ണിന്റെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നതാണ് നെയ്യ്, ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ വരള്‍ച്ചയെ സുഖപ്പെടുത്തുന്നു. ശുദ്ധമായ നെയ്യ് കുറച്ച് എടുത്ത് കണ്‍പോളകളുടെയും മൂടികളുടെയും കോണുകളില്‍ പുരട്ടി കണ്ണുകള്‍ മസാജ് ചെയ്യുന്നത് ചുറ്റുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും, വരള്‍ച്ചയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള അതിലോലമായ ചര്‍മ്മത്തെ നെയ്യ് പോഷിപ്പിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള വരകളും ചുളിവുകളും കുറയ്ക്കുന്നു.
നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്നതാണ് ത്രിഫല, ആയുര്‍വേദത്തിലെ ഈ പ്രധാന ഔഷധക്കൂട്ട് പല രോഗങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗ്ഗമാണ്. മൂന്ന് ചേരുവകളുടെയും കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണിന്റെ വീക്കവും വരള്‍ച്ചയും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ സ്വാഭാവിക ആന്റിഓക്സിഡന്റുകള്‍ കണ്ണിലെ പ്രകോപനം കുറയ്ക്കുകയും കണ്ണുനീര്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വരള്‍ച്ച ഒഴിവാക്കി കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.