ടെൽ അവീവ്: ലെബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം.
ലെബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു.
നേരത്തെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു.