ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേര്‍ മരിച്ചു. ഹിസ്ബുല്ല സംഘാംഗങ്ങള്‍ ഉള്‍പ്പെടെ 2750 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലെബനനിലെ തങ്ങളുടെ അംബാസഡര്‍ മൊജ്തബ അമാനിക്കും പരുക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്‌ഫോടനം നടന്നത്. യുഎസും യുറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.