ബെയ്‌റൂട്ട്: ഇസ്രയേല്‍ സ്‌ഫോടന പരമ്പരകള്‍ക്കിടയില്‍ തിരിച്ചടിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഉച്ചമുതല്‍ ഇതുവരെ 400 ആക്രമണമാണ് തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ലെമനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അഖീലിനെ ഇസ്രയേല്‍ വധിച്ചിരുന്നു. അനുയായികളുമായി ചര്‍ച്ച നടത്തുന്ന സമയത്തായിരുന്നു ഇസ്രയേല്‍ ആക്രമണത്തില്‍ അലീഖ് കൊല്ലപ്പെടുന്നത്.
പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് നിരവധിപ്പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.