ബെയ്‌റൂട്ട് നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തുമ്പോള്‍ തന്നെ ടെല്‍ അവീവിന് തെക്ക് ഇസ്രയേലി സൈനിക താവളത്തെ ലക്ഷ്യമാക്കി ഹിസ്ബുള്ളയുടെ ഡ്രോണുകള്‍ പാഞ്ഞടുക്കുകയായിരുന്നു. ടെല്‍ അവീവിന് തെക്ക് ബിലു ബേസിലിന് നേരെയാണ് ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രായേല്‍ അധികൃതരില്‍ നിന്ന് ആളപായമോ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയ്ക്ക് സമീപമുള്ള നാവിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് ആക്രമണങ്ങളും, ടെല്‍ അവീവിനടുത്തുള്ള ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മറ്റൊരു താവളവും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള സ്ഥിപീകരിച്ചിരുന്നു.
അതേസമയം, ലെബനന്‍,ഗാസ,പലസ്തീന്‍ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് ഇനിയും അറുതിയായിട്ടില്ല. ഓരോ ദിവസവും ലോകത്തെ നടുക്കുന്ന വാര്‍ത്തകളാണ് ഇവിടങ്ങളില്‍ നിന്നും വരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേരിയ അംശം മാത്രമാണ് ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് എത്തുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. അത്രത്തോളം വലുതാണ് ഈ പ്രദേശങ്ങളിലെ ദുരന്തങ്ങളുടെ വ്യാപ്തി.
Also Read:മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?
കഴിഞ്ഞ ദിവസവും ബെയ്‌റൂട്ടിന് തെക്ക് ബര്‍ജയിലെ തീരദേശ പട്ടണത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബാല്‍ബെക്ക് മേഖലയിലും ഇസ്രയേല്‍ നിരവധി പേരുടെ ജീവനെടുത്തു. ഇസ്രായേല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ നിരസിക്കുകയാണെന്ന് ലെബനന്‍ സര്‍ക്കാര്‍ ആരോപിച്ചു, അതേസമയം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചതിന് ശേഷം മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറുള്ളൂ എന്ന് ഹിസ്ബുള്ളയും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തി.
ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യുന്ന പ്രധാന യുഎന്‍ ഏജന്‍സിയുമായുള്ള ബന്ധം ഇസ്രയേല്‍ വിച്ഛേദിക്കുകയും ഇസ്രയേലി മണ്ണിലൂടെ ഗാസയിലേക്ക് സഹായം എത്തിക്കാനാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം തീരുമാനം എടുക്കുകയും ചെയ്തത് ഗാസയിലെ ജനങ്ങളെ വലിയ ദുരിതത്തിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ കൊടുംപട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗാസയിലേക്കും അധിനിവേശ വെസ്റ്റ്ബാങ്കിലേക്കും ഉള്ള പ്രവേശനം ഇസ്രയേല്‍ സൈന്യമാണ് നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ ഗാസയിലേക്ക് എത്തേണ്ട സഹായങ്ങള്‍ സൈന്യം തടയുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Also Read: ആവശ്യം അതിരു കടക്കുന്നു, കുട്ടികള്‍ക്ക് വിലക്കുമായി ഓസ്‌ട്രേലിയ
മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസയില്‍ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിര്‍ത്തലാണെന്നും എത്രയും വേഗം അത് നടപ്പിലാക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഗാസയിലെ നടപടികളുടെ പേരില്‍ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ കേസ് എടുത്തിരുന്നു.
യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള 1967 മുതലുള്ള സഹകരണ കരാര്‍ റദ്ദാക്കിയതായി ഇസ്രായേലി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2023 ഒക്ടോബര്‍ 7 ലെ ഇസ്രയേലിലെ കൂട്ടക്കൊലയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയിലെ ജീവനക്കാര്‍ പങ്കെടുത്തിരുന്നുവെന്നും, അവര്‍ ഗാസ മുനമ്പിലെ പ്രശ്നത്തിന്റെ ഭാഗമാണെന്നുമാണ് ഇസ്രയേല്‍ കരാര്‍ റദ്ദാക്കിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇസ്രയേലിന്റെ മനുഷ്യക്കുരുതിക്ക് എതിരെ ശക്തമായ നടപടിയെടുക്കാന്‍ യു.എന്നിനും ആകുന്നില്ല. ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താനും ഗാസയിലെയും ലെബനനിലേയും നിരാലംബരായ ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കാന്‍ ഇനി ആരുണ്ട് എന്നതാണ് ചോദ്യം !