ടെൽഅവീവ്: ജൂലാൻ കുന്നുകൾക്കു നേരെ ശനിയാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ലക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. കുന്നുകളിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഹിസ്ബുല്ല കനത്ത വില നൽകേണ്ടി വരും എന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനു പിന്നാലെ യു.എസ് പര്യടനം വെട്ടിച്ചുരുക്കി നെതന്യാഹു ഇസ്രായേലിലേക്ക് മടങ്ങി. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന സുപ്രധാന സുരക്ഷാ യോഗം ഹിസ്ബുല്ലക്കും ലെബനാനും നേരെ സ്വീകരിക്കേണ്ട സൈനിക നടപടി ചർച്ച ചെയ്യും.
ശനിയാഴ്ച രാവിലെ മൈതാനത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ജൂലാൻ കുന്നിലെ മജ്ദ് അൽ ഷംസിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 20ലേറെ ആളുകൾക്ക് പരുക്കുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ പൗരൻമാർക്കു നേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിതെന്നും ഇസ്രായേൽ പ്രതികരിച്ചു.
അതേസമയം, ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം. എന്നാൽ തെക്കൻ ലബനാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ നാല് ഹിസ്ബ് പോരാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് ഹിസ്ബുല്ല ജൂലാൻ കുന്നുകളിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. ഏറ്റവും കടുത്ത തിരിച്ചടി തന്നെയാകും ഹിസ്ബുല്ലക്ക് നൽകുകയെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറും സൈനിക മേധാവികളും മുന്നറിയിപ്പ് നൽകി.