കൊച്ചി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി. പമ്പയില്‍ ഹില്‍ടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതല്‍ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല.
Also Read: ദിവ്യ എസ് അയ്യർക്ക് ഒരു നീതി… പ്രശാന്തിന് മറ്റൊരു നീതി, ചീഫ് സെക്രട്ടറിയുടെ നിലപാട് പക്ഷപാതപരം
24 മണിക്കൂര്‍ നേരം ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. താത്കാലികമായാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗതാഗതക്കുരുക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ നിയന്ത്രണമേര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ശബരിമല സീസണില്‍ തിരക്കേറിയ ദിവസങ്ങളില്‍ നിലയ്ക്കലെ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിവിധ ഇടങ്ങളില്‍ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് പമ്പയില്‍ പാര്‍ക്കിങ് നിരോധിച്ചത്.