രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്ളോഗര്‍മാര്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിയമ ലംഘകരായ വ്ളോഗര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. കര്‍ശന നടപടി നിര്‍ദ്ദേശിച്ച മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല.

ആഫ്റ്റര്‍ മാര്‍ക്കര്‍, എല്‍ഇഡി, നിയോണ്‍, ഫ്ളാഷ് ലൈറ്റുകള്‍, ഉച്ചത്തിലുള്ള ഹോണ്‍ എന്നിവ ഘടിപ്പിച്ച വാഹനങ്ങള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചാല്‍ എതിരേ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് കണ്ണ് കാണില്ല. വലിയ ശബ്ദവും വെളിച്ചവുമായി നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് വനമേഖലയിലെ വാഹനങ്ങളുടെ രാത്രി യാത്ര. എതിരെ വരുന്ന വാഹനങ്ങളിലെ യാത്രികരുടെയും സഹയാത്രികരുടെയും സുരക്ഷയും റോഡ് സുരക്ഷയും പ്രധാനമാണ്. മാറ്റം വരുത്തിയ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. കാമ്പസുകളിലെ അപകടകരമായ മോട്ടോര്‍ ഷോയ്ക്കെതിരെയും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പ്രകാശ് ആസ്ത്ര, ഓട്ടോഷോ കേരള തുടങ്ങിയ വ്ളോഗര്‍മാരുടെ യൂട്യൂബ് വീഡിയോകള്‍ ഡിവിഷന്‍ ബെഞ്ച് തുറന്ന കോടതിയില്‍ പരിശോധിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ ഭീഷണിപ്പെടുത്തിയാല്‍ വ്ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ വ്ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗതാഗത കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ നിയമ വിരുദ്ധ വീഡിയോകള്‍ നീക്കം ചെയ്യുന്നതില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സഞ്ജു ടെക്കി ഉള്‍പ്പടെ അഞ്ച് വ്ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

Top