പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: വാഹനം നൽകാൻ ബാങ്ക് ഗ്യാരന്റി വേണമെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: വാഹനം നൽകാൻ ബാങ്ക് ഗ്യാരന്റി വേണമെന്ന് ഹൈക്കോടതി
പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: വാഹനം നൽകാൻ ബാങ്ക് ഗ്യാരന്റി വേണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് ഇനി പണിയാകും. മാലിന്യം തള്ളുമ്പോൾ പിടിച്ചെടുത്ത വാഹനം വിട്ടുനൽകാൻ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തി ഹൈക്കോടതി. നിസ്സാര ഉപാധികളോടെ ഇത്തരം വാഹനങ്ങൾ വിട്ടുനൽകിയാൽ സമാന കുറ്റം ആവർത്തിക്കാനിടയുണ്ടെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെ ഉത്തരവ്.

തദ്ദേശസ്ഥാപനങ്ങൾ കർശനനിയന്ത്രണം കൊണ്ടുവന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കടുപ്പമേറിയ നിബന്ധനകൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ടുലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയടക്കമുള്ള ഉപാധികളോടെ വാഹനം വിട്ടയക്കാൻ കോടതി നിർദേശിച്ചു. ഇതിനുപുറമേ ഒരു ലക്ഷംരൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ജാമ്യക്കാരുടെ ബോണ്ടും കെട്ടിവെക്കണം. ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും മജിസ്ട്രേറ്റ്‌കോടതിയിൽ സത്യവാങ്മൂലം നൽകണം.

വിചാരണ തീരുംവരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകയ്ക്ക് നൽകുകയോ വിൽക്കുകയോ ചെയ്യരുത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ പൊലീസിന് വാഹനം വീണ്ടും പിടിച്ചെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളിയതിന് കുന്നംകുളം പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വാഹനമുടമ തൃശ്ശൂർ സ്വദേശി എം.എ. സുഹൈൽ നൽകിയ ഹർജി കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

Top