കൊച്ചി: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.കെ. മുഹമ്മദ് ഖാസിം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പൊലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പൊലീസിനോടു നിര്‍ദേശിച്ചു.
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിന്റെ ദിവസമാണ് വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പി.കെ.മുഹമ്മദ് ഖാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരിലായിരുന്നു പോസ്റ്റ്. തന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും അവശ്യപ്പെട്ട് ഖാസിം അന്നുതന്നെ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനു പകരം ഖാസിമിനെ പ്രതിചേര്‍ത്ത് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്യുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാര്‍ഥി കെ.കെ.ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്‌ക്രീന്‍ ഷോട്ട്. തന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിം എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.
ഇതിനിടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഖാസിം തീരുമാനിക്കുകയായിരുന്നു. കാഫിര്‍ പ്രയോഗമുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മുന്‍ എംഎല്‍എ കെ.കെ.ലതികയുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.