കൊച്ചി: തൃശൂര്‍ പൂരത്തിലെ പൊലീസിന്റെ ഇടപെടലില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി . പൊലീസ് ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഇതിനിടെ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
പൊലീസിന്റെ അമിത നിയന്ത്രണം മൂലം തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ വീഴ്ച യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കിയിരിക്കുകയാണ്. പൂര ദിവസം സംഘാടകരെ അടക്കം പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പട്ടയും കുടയും കൊണ്ടുവന്നവരെ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു തടഞ്ഞത്. വിഷയത്തില്‍ ഇടതു മുന്നണിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും നടപടി ആവശ്യപ്പെട്ടിരുന്നു.