‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം.

‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.

തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഡോക്ടര്‍മാര്‍ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളത്തില്‍ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കേസില്‍ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ദേവസ്വങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആനകളെ പിടികൂടാന്‍ ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുതെന്നും എന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍, കൊച്ചിന്‍, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ആണ് നിര്‍ദേശം.

എഴുന്നള്ളിപ്പില്‍ പാലിക്കേണ്ട മറ്റു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

  • ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം
  • മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത്
  • തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്
  • ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിയ്ക്കരുത്
  • രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്
  • രാത്രിയില്‍ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകര്‍ ഉറപ്പു വരുത്തണം
  • ദിവസം 125 കി.മീ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്
  • പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം
  • എഴുന്നള്ളിപ്പിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം
  • ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത്
    -ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്റെ വേഗത 25 കി.മീറ്ററില്‍ താഴെയാകണം
    -ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിര്‍ബന്ധം
  • രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്
  • വെടിക്കെട്ട് സ്ഥലവും ആനയും തമ്മില്‍ 100 മീറ്റര്‍ ദൂര പരിധി വേണം
  • ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം
  • ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം
Top