മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ കേന്ദ്രീയവിദ്യാലയങ്ങളിലെ മലയാളം മിഷൻ മുന്നോട്ടുവെച്ച ഫീസ് കണ്ടാൽ ആരായാലും ഞെട്ടിപ്പോകും.ആറുവയസ്സ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള രണ്ടുവർഷത്തെ ‘കണിക്കൊന്ന’ കോഴ്സിന് 1850 രൂപയാണ് ഫീസ്. രണ്ടുവർഷത്തെ ‘സൂര്യകാന്തി’ക്ക് 2350 രൂപയും മൂന്നുവർഷംവീതമുള്ള ‘ആമ്പലി’ന് 2850 രൂപയും ‘നീലക്കുറിഞ്ഞി’ക്ക് 5100 രൂപയും അടയ്ക്കണം.
തുകയുടെ 75 ശതമാനവും കോഴ്സ് ഫീസിനത്തിലാണ് വാങ്ങുന്നത്, ഇതാകട്ടെ രജിസ്ട്രേഷൻ സമയത്ത് തന്നെ നൽകുകയും വേണം. മലയാളം പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കേണ്ടതും ശമ്പളം നൽകേണ്ടതും അതത് കേന്ദ്രീയവിദ്യാലയങ്ങളാണ്. 10 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക് പത്താംതരം ഭാഷാ തുല്യതയ്ക്കുള്ള സർട്ടിഫിക്കറ്റ് മലയാളം മിഷൻ നൽകും.കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷാകർത്താക്കളും മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് മലയാളം മിഷനെ പദ്ധതി ചുമതലയേൽപ്പിച്ചത്. സംസ്ഥാനത്ത് 51 കേന്ദ്രീയ വിദ്യാലയങ്ങളിലായി 50,000-ത്തോളം വിദ്യാർഥികളുണ്ട്. അതിൽ 70-80 ശതമാനം മലയാളികളാണ്.
മലയാളം പഠിക്കണമെന്ന് നിർബന്ധമില്ലെങ്കിലും വലിയൊരു വിഭാഗം കുട്ടികൾ വിവിധ കോഴ്സുകൾക്ക് മലയാളം മിഷനിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. മലയാളഭാഷയും സംസ്കാരവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരികവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലയാളം മിഷൻ. ഇന്ത്യക്കകത്തും വിദേശത്തുമായി 55,000 മലയാളികൾ ഇതിനുകീഴിൽ സൗജന്യമായി മലയാളം പഠിക്കുന്നുണ്ട്. ഇങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കേരളത്തിലെ വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.