CMDRF

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉയര്‍ന്ന നിക്ഷേപം

ബാങ്കിതര ധനകാര്യ സ്ഥാനങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണം ആര്‍ബിഐ സമീപ വര്‍ഷങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബാങ്കുകളുടേതിന് സമാനമല്ല

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉയര്‍ന്ന നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉയര്‍ന്ന നിക്ഷേപം

ബാങ്കുകളെക്കാൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം സമാഹരിക്കുന്നു. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം കൂടുതല്‍ നിക്ഷേപം എന്‍.ബി.എഫ്.സികള്‍ നേടി. ബാങ്കുകളിലെ നിക്ഷേപ വര്‍ധനവാകട്ടെ 13.5 ശതമാനത്തിലൊതുങ്ങുകയും ചെയ്തു. പലിശ കൂടുതല്‍ നല്‍കി നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേട്ടമായത്. ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ് എന്നിവ ബാങ്കുകളേക്കാള്‍ 1.50 ശതമാനം വരെ അധിക പലിശയാണ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. ഇന്ത്യബുള്‍സ് ഹൗസിങ്, നിഡോ ഹോം ഫിനാന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇതിലും ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം നിക്ഷേപം 1.03 ലക്ഷം കോടിയായി. 20.8 ശതമാനമാണ് വാര്‍ഷിക വര്‍ധന. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും തുടര്‍ച്ചയായി സമാനമായ വര്‍ധന എന്‍ബിഎഫ്‌സികള്‍ക്ക് നേടാനായി. അതേസമയം 9.6 ശതമാനം വളര്‍ച്ച മാത്രമാണ് 2023 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് നേടാനായത്.

Also Read: വർക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ; ജനുവരി മുതൽ ആഴ്ചയിൽ അഞ്ചുദിവസം ജോലി

സ്ഥിര നിക്ഷേപം സ്വീകരിക്കുന്നതിന് ബാങ്കുകള്‍ക്കുള്ളതുപോലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ നിക്ഷേപം സമാഹരിക്കുന്നതില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്കിന് അതൃപ്തിയുമുണ്ട്. നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമുള്ള എന്‍ബിഎഫ്‌സികളുടെ എണ്ണം 2024 സാമ്പത്തിക വര്‍ഷത്തില്‍ 34ല്‍നിന്ന് 25 ആയി കുറയ്ക്കുകയും ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പുവരെ 240 സ്ഥാപനങ്ങള്‍ക്കാണ് അനുമതിയുണ്ടായിരുന്നത്.

ബാങ്കിതര ധനകാര്യ സ്ഥാനങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണം ആര്‍ബിഐ സമീപ വര്‍ഷങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബാങ്കുകളുടേതിന് സമാനമല്ല. ‘ട്രിപ്പിള്‍ ബി’ യെങ്കിലും റേറ്റിങ് ഉണ്ടെങ്കില്‍ എന്‍.ബി.എഫ്.സികള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ കഴിയും. 12 മാസം മുതല്‍ 60 മാസംവരെയുള്ള കാലയളവിലെ നിക്ഷേപത്തിനാണ് അനുമതി.

Top