തിരുവനന്തപുരം: ഐ.പി.എസ് ഓഫീസര്‍ പി വിജയന് സ്ഥാനക്കയറ്റം നല്‍കുന്നതിന് അടിസ്ഥാനമായ ഉന്നത തല റിപ്പോര്‍ട്ട് പൊലീസ് സേനയില്‍ ചര്‍ച്ചയാകുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന സസ്‌പെന്‍ഷന് ആധാരമായ ആരോപണത്തെ തന്നെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് മുന്‍പാകെ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പി വിജയന് എതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെ, എന്തിനു വേണ്ടിയാണ് പി. വിജയനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതെന്ന ചോദ്യമാണിപ്പോള്‍ സേനയില്‍ വ്യാപകമായി ഉയരുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇക്കാര്യം ഇതിനകം തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പി.വിജയന് ആറ് മാസമാണ് സേനയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നത്. സസ്‌പെന്‍ഷനു ശേഷം പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും അര്‍ഹതപ്പെട്ട ഉദ്യോഗകയറ്റം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ജനുവിരിയില്‍ ലഭിക്കേണ്ട ഉദ്യോഗ കയറ്റമാണ് വൈകിയെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായാണ് വിജയന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഉന്നത ഐപിഎസ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നത്. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടു പ്രാവശ്യം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും, സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. വിജയനെ തിരിച്ചെടുത്ത ശേഷവും വകുപ്പുതല അന്വേഷണം തുടരുകയാണ് ഉണ്ടായത്. ഒടുവില്‍ ഈ റിപ്പോര്‍ട്ടിലും ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് സര്‍വീസില്‍ ഇപ്പോഴത്തെ സ്ഥാനക്കയറ്റം സംഭവിച്ചിരിക്കുന്നത്.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ശബരിമല തന്ത്രി കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് മികവ് തെളിയിച്ച പി. വിജയന്‍, ശമ്പരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ സൃഷ്ടാവ് കൂടിയാണ്. പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലയേല്‍ക്കുന്ന പി.വിജയന്‍ ഉടന്‍ തന്നെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്നാണ് ലഭിക്കുന്ന വിവരം. സി.ബി.ഐ – എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് വിഭാഗങ്ങളില്‍ ഏതിലെങ്കിലും നിയമനം ലഭിക്കാനാണ് സാധ്യത. നിലവിൽ പി. വിജയൻ്റെ ഭാര്യയും സീനിയർ ഐ.എ.എസ് ഓഫീസറുമായ ഡോ. എം ബീന കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് ഉള്ളത്.