തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിർദേശം.
അധ്യാപകസംഘടനകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണം. 18 ശതമാനത്തിൽ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്കൂളുകളെല്ലാം 12 വരെയാക്കി ഉയർത്താനുള്ള ശുപാർശ. പ്രീസ്കൂൾ മുതൽ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോൾ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തിൽ ഉൾപ്പെടുത്തി റഫറണ്ടം നടത്തണം.
നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്കേ അംഗീകാരം നൽകാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ. തൊഴിൽപഠനത്തിന് ഊന്നൽ നൽകിയുള്ളതാണ് പുതിയ സ്കൂൾ പാഠ്യപദ്ധതി. എട്ടാംക്ലാസ് മുതൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒൻപതുമുതൽ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിർദേശം.11, 12 ക്ലാസുകളിൽ വിഷയാധിഷ്ഠിത പഠനത്തിനൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചിയനുസരിച്ചുള്ള തൊഴിൽപഠനവും ഉൾപ്പെടുത്തും.