ചിക്കാഗോ: ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പ്രശംസിച്ചും പിന്തുണച്ചും ഹിലരി ക്ലിന്റന്. പ്രസിഡന്റെന്ന നിലയില്‍ കമലാ ഹാരിസിന് നമ്മുടെ പിന്തുണയുണ്ടാകും. നമുക്ക് വേണ്ടി അവര്‍ പോരാടും. കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയും മികച്ച വേതനമുള്ള ജോലിക്കും വേണ്ടിയും അവര്‍ പോരാടും. അതേ, അവര്‍ ഗര്‍ഭചിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കും. – ഹിലാരി ക്ലിന്റന് പറഞ്ഞു.
ട്രംപ് അദ്ദേഹത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ഹിലരി വിമര്‍ശിച്ചു. ഇത്രയും നാള് സ്വന്തം കേസിന്റെ വിചാരണകളുടെ പിന്നാലെയായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ അയാള്‍ സ്വന്തമായി ചരിത്രം ഉണ്ടാക്കി. 34 കുറ്റകൃത്യങ്ങളോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ആളാണ് ട്രംപെന്നും ഹിലരി ക്ലിന്റന് പറഞ്ഞു. ആയിരക്കണക്കിന് പേരാണ് കമലാ ഹാരിസിന് പിന്തുണ അറിയിച്ച് ചിക്കാഗോയിലെ കണ്‍വെന്‍ഷനിലെത്തിയത്.