തിരുവവന്തപുരം: യാത്രക്കാര്‍ക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കാനൊരുങ്ങി ഹില്ലി അക്വായും കെഎസ്ആര്‍ടിസിയും. യാത്രക്കാര്‍ക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കില്‍ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികള്‍ അനുദിനം വര്‍ധിച്ചുവരികയാണ്.
കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ഏറ്റവും വിശ്വാസയോഗ്യമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
കൂടാതെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.