ഹിമാചലിൽ മേഘ വിസ്ഫോടനം: 2 പേർ മരിച്ചു, മുപ്പതിലധികം പേരെ കാണാതായി

ഹിമാചലിൽ മേഘ വിസ്ഫോടനം: 2 പേർ മരിച്ചു, മുപ്പതിലധികം പേരെ കാണാതായി
ഹിമാചലിൽ മേഘ വിസ്ഫോടനം: 2 പേർ മരിച്ചു, മുപ്പതിലധികം പേരെ കാണാതായി

ഹിമാചൽ: ഷിംല ജില്ലയിലെ രാംപൂർ പ്രദേശത്തെ സമേജ് ഖാഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത നാശം. ഇതുവരെ 36 പേരെ കാണാതാവുകയും 2 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എൻഡിആർഎഫ് ടീമും എസ്ഡിആർഎഫ് ടീമും പൊലീസും റെസ്ക്യൂ ടീമും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അനുപം കശ്യപ് പറഞ്ഞു.

ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. കാണാതായവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ ഒലിച്ചുപോയതായും പ്രദേശത്തെ ഒരു ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ന് പുലർച്ചെ കുളുവിൽ പാർവതി നദി തീരത്തെ ഒരു കെട്ടിടം തകർന്ന് ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഒഴുക്കും ചെളിയും നിയന്ത്രിക്കാൻ പാണ്ഡോ അണക്കെട്ടും ലാർജി ഡാമും തുറക്കുമെന്ന് HP ട്രാഫിക്, ടൂറിസ്റ്റ് & റെയിൽവേ പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും കുട്ടികളെയും മൃഗങ്ങളെയും അകറ്റി നിർത്തുന്നത് ഉറപ്പാക്കാനും ഹിമാചൽ പ്രദേശ് സർക്കാർ മുന്നറിയിപ്പ് നൽകി.


ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കിന്നൗർ, ലാഹൗൾ & സ്പിതി എന്നിവയൊഴികെ ഹിമാചൽ പ്രദേശിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശത്തു ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Top