തിരുവനന്തപുരം: ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് വിജ്ഞാനവികസനത്തോടൊപ്പം മാനസികസമ്മർദം കുറയ്ക്കാനും ചിന്താശേഷി വളർത്താനും വിദ്യാർഥികളെ സഹായിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാതൃഭാഷയ്‌ക്കൊപ്പം സമ്പർക്കഭാഷ എന്നനിലയിൽ ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദി പ്രചാരസഭയുടെ ബിരുദസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയുടെ ഭൂഷൺ, സാഹിത്യാചാര്യ എന്നീ പരീക്ഷകളിലും ആചാര്യ, ട്രാൻസ്ലേഷൻ ഡിപ്ലോമ കോഴ്സുകളിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊ. ഡോ. ജഗതിരാജ് അധ്യക്ഷയായി. കവിയും സാഹിത്യകാരനുമായ ശ്രീകുമാരൻ തമ്പി, ബി.മധു, എസ്. ഗോപകുമാർ, ജി. സദാനന്ദൻ, മധുബാല ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.