CMDRF

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് ഇനി ഇന്ത്യയുടെ പേരിൽ

ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാൻ രോഹിത് ശർമക്ക് നാലെണ്ണം കൂടി മതി

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് ഇനി ഇന്ത്യയുടെ പേരിൽ
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് ഇനി ഇന്ത്യയുടെ പേരിൽ

ബംഗളൂരു: ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കരുത്തോടെ മുന്നേറുന്ന ഇന്ത്യക്ക് ഇത് ഇരട്ടി മധുരമാണ്. കാരണമുണ്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ അതുല്യ റെക്കോഡ് ആണ് ഇന്ത്യ അടിച്ചെടുത്തിരിക്കുന്നത്. ഒരു കലണ്ടർ വർഷം 100 സിക്സറുകൾ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്കുള്ളതാണ്. 2022ൽ ഇംഗ്ലണ്ട് നേടിയ 89 സിക്സെന്ന റെക്കോഡ് മറികടന്നാണ് പുതിയ നാഴികക്കല്ലിലേക്ക് ഇന്ത്യ ചുവടുവെച്ചത്.

ഈ വർഷം 105 സിക്സറുകൾ നേടിക്കഴിഞ്ഞ ഇന്ത്യക്ക് പിന്നിൽ 68 എണ്ണം നേടിയ ഇംഗ്ലണ്ടാണ് ഉള്ളത്. 2021ല്‍ 87 സിക്സറുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഈ വർഷം മൂന്ന് ഫോർമാറ്റിലുമായി 300 സിക്സുകൾ പൂർത്തീകരിക്കാനും ഇന്ത്യക്കായി. തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്.

Also Read: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് ഇനി ഇന്ത്യയുടെ പേരിൽ

യുവതാരം യശസ്വി ജയ്സ്വാളാണ് ഏറ്റവും കൂടുതൽ സിക്സറുകൾ സംഭാവന ചെയ്തത്. 29 തവണയാണ് താരം എതിർ ബൗളർമാരെ നിലംതൊടാതെ അതിർത്തി കടത്തിയത്. 16 സിക്സുകൾ നേടിയ ശുഭ്മൻ ഗിൽ രണ്ടാമതും 11 എണ്ണം നേടിയ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാമതുമാണ്. 2014ൽ ടെസ്റ്റിൽ 33 സിക്സുകൾ നേടിയ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോഡ്.

ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാൻ രോഹിത് ശർമക്ക് നാലെണ്ണം കൂടി മതി. നിലവിൽ 91 സിക്സുകൾ നേടിയ വിരേന്ദർ സെവാഗിന്റെ പേരിലാണ് റെക്കോഡ്. രോഹിതിന്റെ അക്കൗണ്ടിൽ 88 സിക്സറുകളുണ്ട്. ബെൻ സ്റ്റോക്സ് (131), ബ്രണ്ടൻ മക്കല്ലം (107), ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് ടെസ്റ്റിൽ 100 സിക്സുകൾ പിന്നിട്ട താരങ്ങൾ.

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സ് മഴ കാരണം നിർത്തിവെക്കുമ്പോൾ സർഫറാസ് ഖാന്റെ സെഞ്ച്വറി മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 344 റൺസെന്ന നിലയിലാണ് ഇന്ത്യ. 125 റൺസുമായി സർഫറാസിനൊപ്പം 53 റൺസുമായി ഋഷബ് പന്താണ് ക്രീസിൽ. ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52), സൂപ്പർ താരം വിരാട് കോഹ്ലി (70) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.

Top