ചരിത്രനിമിഷം; 44 ശതമാനം സ്ത്രീ പ്രാതിനിധ്യത്തോടെ ബ്രിട്ടണ്‍ കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭ

ചരിത്രനിമിഷം; 44 ശതമാനം സ്ത്രീ പ്രാതിനിധ്യത്തോടെ ബ്രിട്ടണ്‍ കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭ
ചരിത്രനിമിഷം; 44 ശതമാനം സ്ത്രീ പ്രാതിനിധ്യത്തോടെ ബ്രിട്ടണ്‍ കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭ

ലണ്ടന്‍: യുകെ പൊതു തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. 25 അംഗ മന്ത്രിസഭയില്‍ 11 വനിതകളുടെ പ്രാതിനിധ്യത്തോടെ ബ്രിട്ടന്റെ ചരിത്രം തിരുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണത്തിലെ കെയ്‌റിന്റെ ഇടപെടല്‍. മന്ത്രിസഭയിലെ സുപ്രധാന വകുപ്പായ ധനവകുപ്പ് മന്ത്രിയായി റേച്ചല്‍ റീവ്സിനെ തിരഞ്ഞെടുത്തു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ധനവകുപ്പ് മന്ത്രിയായി ഒരു വനിതയെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്നുവന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രിസഭയിലെ സുപ്രാധാന പദവിയിലേയ്ക്ക് ഒരു വനിതയെ കെയ്ര്‍ നിയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മുന്‍ ചൈല്‍ഡ് ചെസ്സ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമാണ് റേച്ചല്‍ റീവ്സ്. ധനമന്ത്രിയായി തിരഞ്ഞെടുത്തതിലൂടെ തന്റെ ജീവിതത്തിലെ അഭിമാന നിമിഷം വന്നെത്തിയിരിക്കുകയാണെന്നും ഇത് വായിക്കുന്ന ഒരോ വനിതകളും പെണ്‍കുട്ടികളും തങ്ങളുടെ ആഗ്രഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് തിരിച്ചറിയണമെന്നും റേച്ചല്‍ ട്വിറ്ററില്‍ കുറിച്ചു. സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡാവിഡ് ലാമ്മിയെയാണ്. കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മകനായ ലാമ്മിയുടെ വളര്‍ന്നത് നോര്‍ത്ത് ലണ്ടനിലെ ടോട്ടന്‍ഹാമിലാണ്. 2000 മുതല്‍ അവിടെ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം. 27-ാമത്തെ വയസ്സില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ലാമ്മി അന്നത്തെ പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗമായിരുന്നു.

അംഗേല റെയ്നറാണ് യുകെയുടെ ഉപപ്രധാനമന്ത്രി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയന്‍ രംഗത്തുണ്ടായിരുന്ന അംഗേല പലപ്പോഴും താന്‍ വളര്‍ന്നുവന്ന മോശം പശ്ചാത്തലത്തെക്കുറിച്ച് വാചാലയാവാറുണ്ട്. 2008-2010 കാലയളവില്‍ ലേബര്‍ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്റെ മന്ത്രസഭയില്‍ ട്രഷറി ചീഫ് സെക്രട്ടറിയായും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച യെവെറ്റ് കൂപ്പറിനെയാണ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ച പാറ്റ് മക്ഫാഡന്‍സ്റ്റാമെര്‍ മന്ത്രിസഭയില്‍ ഡച്ചി ഓഫ് ലങ്കാസ്റ്ററിന്റെ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധ സെക്രട്ടറിയായി ജോണ്‍ ഹെയ്ലിയും നിയമകാര്യ സെക്രട്ടറിയായി ഷബാന മഹ്‌മൂദും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായിരുന്നു ഇദ് മിലിബന്ദ് ഊര്‍ജ്ജകാര്യ സെക്രട്ടറിയായും ലൂസി പോവലിലെ പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടി നേതാവായും തിരഞ്ഞെടുക്കപ്പെട്ടു.

Top